About Me

My photo
മനസ്സു നുറുക്കി മത്സ്യങ്ങളെയൂട്ടിയ പെണ്‍കുട്ടി......

Sunday, 24 June 2012

എന്റെ ദൈവത്തിന് ...

സൂര്യനായ്‌, ജ്വാലയായ്
എന്റെ അസ്വസ്ഥതയെ നീ തീണ്ടുന്നു.
ദാഹം മറന്ന ആത്മാവിലേക്ക്‌
മഴയായ്‌ ആര്‍ത്തലച്ചു പെയ്യുന്നു.
കാറ്റ് പൊതിയുന്ന മേനിയില്‍
ഒരു മഞ്ഞുതുള്ളിയായ് കിനിഞ്ഞിറങ്ങുന്നു
മറ്റൊരു വേദനയായ്‌ പൊട്ടിവിരിയുന്നു
താരാട്ടു പാട്ടായ്‌, അലയടിക്കുന്നു.

കണ്‍പീലിയില്‍ കുരുങ്ങിയ സാന്ത്വനം
സ്വപ്നമായ്‌, ഒരിറ്റ് നനവായ്‌
ഓര്‍മ്മകളില്‍ ഓടക്കുഴലിന്റെ വേദനയായ്‌ പുളയുന്നു.
കുരുക്കിലെന്റെ ഹൃദയം പിടയുന്നു, നിശ്ചലം.
ദൈവമേ നിന്നോട് ഞാന്‍ യാത്ര പറയുന്നു.
മഴയായ്‌, മുകിലായ്‌, നീരാവിയായ്‌ തിരിച്ച് പോകൂ....
[സാഗരം നെഞ്ചില്‍ ഞാനൊതുക്കാം
സുഷുപ്തിയില്‍ ]
ഇനിയെന്റെ യാത്ര; കാലങ്ങള്‍ക്കപ്പുറം
ശിരസ്സറ്റ്
ജനനിയുടെ ഗര്‍ഭപാത്രത്തിലേക്ക്...

1991

Sunday, 17 June 2012

മതിലുകള്‍ക്കപ്പുറം....

മതിലുകള്‍ക്കപ്പുറം കണിക്കൊന്ന പൂത്തിരിക്കുന്നു
തിരുവാതിര വന്നുപോയ്‌
വിഷു വരും താമസിയാതെ;
വിങ്ങലായ്‌, ആത്മാവുണര്‍ന്ന്
തുളസി കതിരിട്ടിരിക്കുന്നു.
കരയ്ക്കിറ്റ് തണുപ്പുമായ്‌
തിരകള്‍ തിരിച്ചെത്തി;
നിശ്ശബ്ദം പാടുന്ന
മിന്നാമിനുങ്ങുകളുമെത്തുന്നു
തെച്ചിക്കാടുകളും തളിര്‍ക്കുന്നു
മന്ദാരമുണരുന്നു
നീയിനിയുമെത്താത്തതെന്തേ?
എന്റെ ഗുല്‍മോഹര്‍ പൂക്കാതെ കാത്തിരിക്കുന്നു
നീയിനിയുമെത്താത്തതെന്തേ....

1991

Sunday, 10 June 2012

സൗമ്യം...

സൗമ്യം, ഒരു കഷ്ണം വെള്ളത്തണ്ട് നീട്ടി നിങ്ങള്‍ പറയുന്നു:
മനസ്സ് തുടച്ച് വൃത്തിയാക്കൂ
ക്രുദ്ധര്‍ , മനഃശ്ചാഞ്ചല്യമറിയാത്തവര്‍
നിങ്ങളാരുടെ സ്വപ്‌നങ്ങള്‍ ദത്തെടുത്തു?
എന്റെ സുഷുപ്തി ഒരു കൊച്ചു തേങ്ങലായ് നേര്‍ത്തു പോകവേ
ഹരിതമായ്‌, ഒരുണ്ണിയുടെ കാലടിപ്പാടുകള്‍
പതിയാതെ, മുറ്റത്ത് ചിതറിക്കിടക്കയോ?
നിങ്ങളറിയുന്നോ
അഷ്ടപദിയുടെ ഈണമായ്‌, ഒരു ലക്ഷാര്‍ച്ചനയായ്‌
മൊഴിയറ്റൊരു നൊമ്പരമായ്‌, പിടയും തോട്ടാവാടിപ്പൂക്കളെ....
മന്ത്രമൊഴികളില്‍ കുരുക്കി നിങ്ങളെന്റെ
രുദ്രാക്ഷം പറിച്ചെറിയവെ
ജനിക്കും മൃതിയ്ക്കുമിടയിലായ്
ഒരു ഫിനിക്സ് പക്ഷിയായ്‌ ഞാനെരിയുന്നു.

1991

Tuesday, 29 May 2012

തടവുകാരി

നെറ്റിയില്‍ നിന്നു നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍
കറകളായ് പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴിയില്‍
എന്റെ നഷ്ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരേയും കൂസാത്ത നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത് ഞാനറിഞ്ഞു.
നിന്റെ സ്വപ്നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും
നിന്റെ നിര്‍വികാരതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടു കൂടിത്തന്നെയായിരുന്നു.
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു;
പക്ഷേ....
ഞാന്‍ തടവുകാരിയായിരുന്നു;
എന്റെ ചിന്തകളുടെ.

1989

Sunday, 20 May 2012

പൊടിഞ്ഞു തുടങ്ങിയ തലയോട്ടികള്‍ ...

പൊടിഞ്ഞു തുടങ്ങിയ തലയോട്ടികള്‍ പെറുക്കി
മുഖച്ഛായ നിര്‍ണ്ണയിക്കാന്‍ വൃഥാ ശ്രമിക്കവേ
സ്വപ്‌നങ്ങള്‍ , ഇളകിയ മണ്ണുപോലെ
എന്റെ കാലടികളെ കീഴ്പോട്ട് വലിക്കുന്നു
എന്റെ മുഷിഞ്ഞ നഷ്ടങ്ങള്‍
പഴമയുടെ ഗന്ധം ശ്വാസം മുട്ടിപ്പിക്കുന്ന
ഈ ഗുഹയുടെ മൂലയ്ക്കല്‍ കൂട്ടിയിട്ട്
ഞാന്‍ യാത്രയാവട്ടെ....
പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം
എന്തിനെന്നെ വിലക്കുന്നു...........
വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക്‌ താഴെ
പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്
എനിക്ക് രക്ഷപ്പെടണം
ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും
മൂളിപ്പറക്കുന്ന കൊതുകുകളേയും തട്ടിമാറ്റി
ഞാന്‍ യാത്രയാരംഭിക്കട്ടെ.......
എന്റെ വേരുകള്‍ തേടി.

- 1989 -

Sunday, 13 May 2012

എന്റെ ജന്മദിനം...

എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു
അന്ന്........
ഇളം നീല വരകളുള്ള വെളുത്ത കടലാസ്സില്‍
നിന്റെ ചിന്തകള്‍ പോറി വരച്ച്‌
എനിക്ക് നീ ജന്മദിനസമ്മാനം തന്നു.
തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ ,
എന്നെ ഉരുക്കാന്‍ പോന്നവ
അന്ന്, തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു.
ഇന്ന്, സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപ്പോവുകയും ചെയ്യുന്നു.
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടയ്ക്ക്
ഞാന്‍ തിരഞ്ഞത്
നിന്റെ തൂലികയ്ക്കു വേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.
ഒടുവില്‍ , പഴയ പുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്റെ തുമ്പിലെ അഗ്നി
കെട്ടുപോയിരുന്നു!

-1988-

Sunday, 6 May 2012

എന്നെ അറിയാത്ത...

എന്നെ അറിയാത്ത,
എന്നെ കാണാത്ത,
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്നമേ....
എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലാണ്,
ആഴമേറിയ രണ്ടു ഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച്‌.........

-1987-
Related Posts Plugin for WordPress, Blogger...